ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊട്ടാരക്കര തമ്പുരാന്‍ മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാര്‍ത്ഥിസുബ്ബയുമായി പരിചയപ്പെടാനിടയായതാണ് അദ്ദേഹത്തിന്റെ കഥകളിയെപ്പറ്റിയുള്ള സങ്കല്‍പ്പത്തിന് അടിത്തറയിട്ടത് എന്നു പറയപ്പെടുന്നു. കൊട്ടാരക്കാര തമ്പുരാന്റെയും, കോട്ടയത്തു തമ്പുരാന്റെയും കൈകളിലൂടെ മലയാളികള്‍ക്ക് കിട്ടിയ കഥകളി എന്ന ക്ളാസിക് കലാരൂപം യക്ഷഗാനത്തോട് അടത്തു ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഗവേഷണ വിധേയമാകേണ്ട വിഷയമാണ്. യക്ഷഗാന കലാകാരന്‍മാരില്‍ സ്മരണീയനായ വ്യക്തിയാണ് അന്തരിച്ച അഗല്‍പാടി മഹാലിംഗ മണിയാണി. യക്ഷഗാനവേഷത്തിന് ഇദ്ദേഹത്തിന് കര്‍ണാടക സംസ്ഥാന ഗവണ്‍മെന്റിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഗല്‍പാടി കുഞ്ഞികൃഷ്ണ മണിയാണി, ഉബ്രംഗള കുഞ്ഞിരാമ മണിയാണി, അഗല്‍പാടി നാരായണന്‍ ഗോസാഡ സുബ്ബയ്യ ഷെട്ടി, മവ്വാര്‍ കിട്ടണ്ണ ഭാഗവതര്‍, അഗല്‍പാടി അച്ചുത മണിയാണി എന്നിവരാണ് ഈ രംഗത്തെ മറ്റ് പ്രമുഖര്‍. ഉബ്രംഗള, അഗല്‍പാടി ക്ഷേത്രങ്ങളില്‍ യക്ഷഗാന പഠനകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. സ്കൂളിലും ഭജനാ മന്ദിരങ്ങളിലും മുന്‍കാലങ്ങളില്‍ യക്ഷഗാനം അവതരിപ്പിക്കപ്പെട്ടിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഇടയിലും മനോഹരമായ പല കലാരൂപങ്ങളും മുന്‍കാലത്ത് നിലനിന്നിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് ആട്ടികളഞ്ചയും, സോണജോഗിയും, കന്ന്യാപ്പു, പെടന്‍ എന്നിവയാണ്. കര്‍ക്കിടകമാസത്തിലാണ് ആട്ടികളഞ്ച വീടുകളില്‍ കയറിയിറങ്ങുന്നത്. സോണജോഗി ചിങ്ങമാസത്തില്‍ ആണ്. പെടന്‍ കെട്ടിയാടുന്നത് ചിങ്ങമാസത്തിലാണ്. കൊയ്ത്ത് കഴിഞ്ഞുള്ള മകരമാസങ്ങളില്‍ കോപ്പാള സ്ത്രീകള്‍ വീടുകളില്‍ കയറിയിറങ്ങി നടത്തുന്ന മാതിര എന്നറിയപ്പെടുന്ന മനോഹരമായ നൃത്തരൂപവും നിലനിന്നു പോരുന്നു. തെയ്യം കലാകാരന്‍മാരില്‍ മുന്‍തലമുറയിലെ പ്രസിദ്ധരായ വ്യക്തികളായിരുന്നു മാര്‍പ്പനടുക്ക വീരന്‍, കൃഷ്ണപ്പണിക്കര്‍, പമ്പെകോപ്പാള, കുണ്ട കോപ്പാള എന്നിവര്‍. ഗോസാട, അഗല്‍പാടി, ഉബ്രംഗള, ഉമാമഹേശ്വര ദേലംപാടി, മുളിഞ്ച ക്ഷേത്രങ്ങള്‍ ആയിരുന്നു ആദ്യകാലത്ത് സാംസ്കാരിക രംഗത്തെ പരിപോഷിപ്പിച്ചിരുന്നത്. അഗല്‍പാടി ക്ഷേത്രം പുരാതനകാലത്ത് ഒരു സത്രം മാത്രമായിരുന്നു. എന്നാണ് പറയപ്പെടുന്നത്. പിന്നീടാണ് അത് ക്ഷേത്രമായി മാറിയത്. ഉബ്രംഗള ക്ഷേത്രത്തിലെ ശാസ്താ പ്രതിഷ്ഠ വളരെ പ്രസിദ്ധമാണ്. വടക്കന്‍ ശബരിമല എന്ന പേരില്‍ ഉബ്രംഗള ശാസ്താക്ഷേത്രം അറിയപ്പെടുന്നുണ്ട്. തുളുനാട്ടിലെ മൊത്തം കലാരൂപങ്ങളും വിശ്വാസങ്ങളും കുംബഡാജെ പഞ്ചായത്തിലുണ്ടെങ്കിലും മലയാളികളുടെ തനത് ആഘോഷങ്ങളായ ഓണവും, തിരുവാതിരയും ഈ പഞ്ചായത്തില്‍ തീരെ ആഘോഷിക്കപ്പെടുന്നില്ല. ക്ഷേത്രപ്രവേശരംഗത്ത് വിപ്ളവകരമായ മുന്നറ്റത്തിന് നേതൃത്വം നല്‍കിയ ആളാണ് സ്വാമി ആനന്ദതീര്‍ത്ഥ. അവശവിഭാഗങ്ങളെ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമാണ്. കുംബഡാജെയില്‍ ചരിത്രാതീത കാലത്തിന്റെ അവശിഷ്ടമായി കുറെ പുരാവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട് എന്നത് ഈ പഞ്ചായത്തിന്റെ സാംസ്കാരിക പഴമയിലേക്ക് വിരല്‍ ചൂണ്ടുന്നു. മുസ്ളീങ്ങള്‍ പഞ്ചായത്തിന്റെ ചരിത്രത്തിലെ പ്രധാന ഘട്ടങ്ങളില്‍ ഹിന്ദുക്കളോടൊപ്പം കഴിഞ്ഞിരുന്നത് പരക്കെ അംഗീകാരം നേടിയ ഒന്നായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഹിന്ദുക്കളും, മുസ്ളീങ്ങളും തികഞ്ഞ സാഹോദര്യത്തോടെയാണ് കഴിഞ്ഞിരുന്നത്. പള്ളികളുടെയും, ക്ഷേത്രങ്ങളുടെയും നിര്‍മ്മാണത്തില്‍ അവര്‍ പരസ്പരം സഹായിച്ചിരുന്നു. കുംബഡാജെയിലെ പള്ളിയാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ളീം പള്ളി. ടിപ്പുവിന്റെ  കാലത്തിനുമുമ്പെ നിര്‍മ്മിക്കപ്പെട്ടതാണ് ഈ പള്ളി. ഈ പള്ളിയോട് ചേര്‍ന്ന് പുരാതനമായ ഒരു മഖ്ബറയുണ്ട്. ബെളിഞ്ചയില്‍ കര്‍കടഗോളിയില്‍ ഒരു മഖ്ബറയുണ്ട്. ബെളിഞ്ച-അന്നടുക്ക പള്ളികള്‍ക്ക് 140 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഏത്തടുക്കയിലെ കുംബഡാജെ ഗ്രാമസേവാസംഘം ലൈബ്രറി മൊവ്വാറിലെ ഷഢാനന ഗ്രന്ഥശാല ലൈബ്രറിയെന്നിവയാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സ്ഥാപനങ്ങള്‍. ചില കുടുംബങ്ങളേയും ക്ഷേത്രങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു ആദ്യകാല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. പുറത്തുനിന്നു വന്ന പണ്ഡിതന്‍മാര്‍ അഗല്‍പാടി, ഉബ്രംഗള, ആളിഞ്ച എന്നീ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംസ്കൃതം അഭ്യസിപ്പിച്ചിരുന്നു. നൂറൂവര്‍ഷം മുമ്പ് സ്ഥാപിതമായ കറുവത്തടുക്കയിലെ സ്കൂളാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള സ്കൂള്‍. ഇപ്പോള്‍ അതിന്റെ പേര് ജി.ജെ.ബി.എസ്. കുംബഡാജെ എന്നാണ്. ബദിയഡുക്ക, കുംബഡാജെ എന്നീ പഞ്ചായത്തിലെ മുതിര്‍ന്ന തലമുറയിലെ പല പ്രമുഖരും ഈ സ്കൂളില്‍ പഠിച്ചിരുന്നവരാണ്. പ്രശസ്ത കന്നഡ കവിയും സാഹിത്യകാരനുമായ കയ്യാര്‍ കിഞ്ഞണ്ണരൈ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. പഞ്ചായത്തിലെ പ്രധാന വിപണനകേന്ദ്രങ്ങള്‍ ഏത്തടുക്കയും, മാര്‍പ്പനടുക്കയും, മൊവ്വാറുമാണ്.